കുളത്തൂപ്പുഴ: കുളത്തൂപ്പുഴ കൈതക്കാട് ഹോട്ടലിനു മുന്നിൽ നിർത്തിയിട്ട ശേഷം ഭക്ഷണം കഴിക്കാൻ കയറിയ കാർയാത്രക്കാരുടെ വാഹനം ഹോട്ടലിന്റെ മുന്നിൽ നിന്നും മോഷ്ടിച്ചു കൊണ്ടുപോയി എന്ന് കുളത്തൂപ്പുഴ പോലീസ് നൽകിയ പരാതിയിൽ ട്വിസ്റ്റ്. കുളത്തൂപ്പുഴ കൈതക്കാട് ഹോട്ടലിനു മുന്നിൽ നിന്ന് കാണാതായ കാർ തമിഴ്നാട് ട്രിച്ചിയിലാണ് കണ്ടെത്തിയത്. വാഹനം കടത്തികൊണ്ടു പോയതാകട്ടെ യഥാർഥ ഉടമയും.
തിരുച്ചിറപ്പള്ളി സ്വദേശിയായ അജീഷും കുടുംബവും വന്ന കാറാണ് ഹോട്ടലിൽ ആഹാരം കഴിക്കാൻ കയറിയ സമയത്ത് കാണാതായത്. കുടുംബത്തോടൊപ്പം കുളത്തൂപ്പുഴയിലെ ബന്ധുവീട്ടിലെത്തി രോഗിയെ സന്ദർശിച്ച ശേഷം ഹോട്ടലിൽ ഭക്ഷണം കഴിക്കവേയാണ് കാർ കടത്തിയത്.
ഭക്ഷണം കഴിച്ച് തിരിച്ചെത്തിയപ്പോൾ കാർ കണ്ടില്ല. ഹോട്ടലിലെ സിസിടിവി കാമറ പരിശോധിച്ചതിൽ ഒരു യുവാവ് കാർ കൊണ്ടുപോകുന്നതു കണ്ടെത്തി. തുടർന്ന ്മോഷണം പോയെന്നു വ്യക്തമാക്കി കുളത്തൂപ്പുഴ പോലീസിൽ പരാതി നൽകി.
പോലീസ് പ്രദേശങ്ങളിൽ അന്വേഷണം വ്യാപിപ്പിക്കുന്ന സമയത്ത് നേരം പുലർന്നതോടെ തമിഴ്നാട്ടിലെ ട്രിച്ചി സ്റ്റേഷനിൽ കാർ കണ്ടെത്തിയെന്ന വിവരം കുളത്തൂപ്പുഴ പോലീസിനു ലഭിച്ചു.
വാഹനം കുളത്തൂപ്പുഴയിൽ നിന്ന് കൊണ്ടുപോയതു വാഹനത്തിന്റെ യഥാർഥ ഉടമ ആണന്ന വിവരമാണ് ലഭിച്ചതെന്ന് കുളത്തൂപ്പുഴ പോലീസ് പറഞ്ഞു. യുസ്ഡ് കാർ വില്പന നടത്തുന്നയാളാണ് അജീഷ്. മോഷണം പോയി എന്ന് പരാതിപ്പെട്ട കാർ ഒരാളിൽനിന്ന് വാങ്ങിയതാണ്.
ഉടമയിൽ നിന്ന് കാർ വാങ്ങി ഏറെ നാളായിട്ടും ബാക്കി തുക നൽകിയില്ല. വാഹന ഉടമ ട്രിച്ചി പോലീസിൽ പരാതി നൽകി. പോലീസ് ഇടപെട്ട് വാഹനത്തിന്റെ ബാക്കി പണം നൽകുന്നതിന് ആവശ്യപ്പെട്ടെങ്കിലും അജീഷ് വിസമ്മതിച്ചു.
തുടർന്ന് വാഹനം കൈക്കലാക്കാൻ ഉടമ ഏറെ നാളായി ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കാറുമായി കേരളത്തിൽ എത്തിയ അജീഷിനെയും കുടുംബത്തിനെയും ഉടമ പിന്തുടർന്നു. അങ്ങനെ കുളത്തൂപ്പുഴയിൽ നിന്ന് വാഹനം എ ടുത്ത് ട്രിച്ചി പോലീസ് സ്റ്റേഷനിൽ ഉടമ ഹാജരാക്കുകയായിരുന്നു.